This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ഒരു വിപണന ശാല

കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യമാക്കി കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. കേരളത്തിലെ കൃഷിഭൂമി പരമാവധി ഉപയോഗപ്പെടുത്തുക; കാര്‍ഷിക മേഖലയില്‍പ്പെട്ട കൃഷി, ഗവ്യവിഭാഗം, കോഴിവളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയുടെ ആധുനികവത്കരണത്തിനു വേണ്ടിയുള്ള ഏജന്‍സിയായി പ്രവര്‍ത്തിക്കുക എന്നിവയാണ് 1968-ല്‍ സ്ഥാപിതമായ ഈ സ്ഥാപനത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍. കാര്‍ഷികോത്പന്നങ്ങള്‍ ശേഖരിച്ചു സംസ്കരിച്ച് വിതരണം ചെയ്യുകയെന്നതും ഇതിന്റെ ലക്ഷ്യത്തില്‍പ്പെടുന്നു. കൃഷിക്കാര്‍ക്ക് ട്രാക്റ്റര്‍, പവര്‍ ടില്ലര്‍, ഹാര്‍വെസ്റ്റര്‍, ത്രെഷര്‍, പമ്പുസെറ്റ്, പവര്‍സ്പ്രേയര്‍ എന്നീ ആധുനിക കൃഷിയന്ത്രങ്ങള്‍ നിര്‍മിച്ചും ശേഖരിച്ചും വിതരണം ചെയ്യുന്നതിനും കെ.എ.ഐ.സി. സഹായിക്കുന്നു. കര്‍ഷകര്‍ക്ക് രൊക്കമായും ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥയിലും യന്ത്രസാമഗ്രികള്‍ നല്‍കിവരുന്നു. കൃഷിക്കാരുടെ സാമ്പത്തികസ്ഥിതിക്കൊത്ത വിധത്തിലാണ് കെ.എ.ഐ.സി. ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥകള്‍ സംവിധാനം ചെയ്തിട്ടുള്ളത്. സാധുക്കളായ കര്‍ഷകരെ സഹായിക്കുന്നതിനുവേണ്ടി ട്രാക്റ്ററുകള്‍, ടില്ലറുകള്‍, ബുള്‍ഡോസര്‍ എന്നിവ വാടകയ്ക്കു നല്‍കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവകൂടാതെ മേല്പറഞ്ഞ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക്ഷോപ്പുകളും നടത്തിവരുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിച്ചു തുടങ്ങിയ ഈ സ്ഥാപനത്തിന് ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും കേന്ദ്രങ്ങളുണ്ട്.

കോര്‍പ്പറേഷന്‍ മാലിന്യസംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്റുകള്‍, ഇന്‍സിനേറ്ററുകള്‍ എന്നിവ സ്ഥാപിക്കുകയും ഖരമാലിന്യനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നുണ്ട്. കൃഷിക്കും കാര്‍ഷികോപകരണങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് നല്‍കുക, റബ്ബര്‍, റബ്ബര്‍പ്പാല്‍ തുടങ്ങിയവ കര്‍ഷകരില്‍നിന്നും നേരിട്ട് സംഭരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും കോര്‍പ്പറേഷന്‍ നടത്തുന്നുണ്ട്.

കൃഷിയന്ത്രങ്ങള്‍ നിര്‍മിക്കുക, കാര്‍ഷികോത്പന്നങ്ങള്‍ സംസ്കരിക്കുക എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി കോര്‍പ്പറേഷന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കെ.എ.ഐ.സി.യുടെ അനുബന്ധ സ്ഥാപനമായി 1973-ല്‍ പവര്‍ടില്ലര്‍, റീപ്പര്‍ തുടങ്ങിയ കാര്‍ഷിക യന്ത്രങ്ങള്‍ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനുമായി കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥാപിതമായി. തുടര്‍ന്ന് അടുത്തവര്‍ഷം മാംസസംസ്കരണത്തിനും വിപണനത്തിനുമായി മീറ്റ് പ്രോഡക്റ്റ്സ് ഒഫ് ഇന്ത്യയ്ക്ക് രൂപം നല്‍കി. ഇവിടെ കോഴി, ആട്, മാട്, പന്നി എന്നിവയുടെ ഇറച്ചി സംസ്കരിച്ച് വിപണനം ചെയ്യുന്നു. 1986-ല്‍ കേരള സര്‍ക്കാര്‍ ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കി.

കെ.എ.ഐ.സി.യുടെ കീഴില്‍ പുനലൂരില്‍ ഒരു ഫലസംസ്കരണ യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നു. പഴച്ചാര്‍, അച്ചാര്‍, ചിപ്സ് തുടങ്ങിയവ ഈ കേന്ദ്രത്തില്‍ നിര്‍മിക്കുന്നു. കുരുമുളകിന്റെ സംഭരണം, വെള്ളക്കുരുമുളക് ഉത്പാദനം എന്നിവയ്ക്കായി വയനാട്ടില്‍ ഒരു യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. വാഴപ്പഴത്തില്‍ നിന്നും വ്യത്യസ്ത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനായി കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ഒരു യൂണിറ്റ് തുടങ്ങാനും പദ്ധതിയുണ്ട്. ട്രാക്റ്റര്‍, പവര്‍ടില്ലറുകള്‍ തുടങ്ങിയ യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതിയും അറ്റകുറ്റപ്പണികളും പഠിപ്പിക്കുന്നതിനായി കെ.എ.ഐ.സി.യുടെ കീഴില്‍ മലമ്പുഴയില്‍ ഒരു ട്രെയിനിങ് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. ഡ്രിപ്പ് ഇറിഗേഷന്‍, സ്പ്രിംഗ്ലര്‍ ഇറിഗേഷന്‍ തുടങ്ങി കൃഷിക്ക് ആവശ്യമായ ജലസേചനപദ്ധതികള്‍ രൂപകല്പനചെയ്ത് സ്ഥാപിച്ചുകൊടുക്കുന്ന ജോലിയും കെ.എ.ഐ.സി. നിര്‍വഹിക്കുന്നുണ്ട്. കേരളത്തില്‍ കൊയ്ത്തിനും കറ്റമെതിക്കുന്നതിനും കൊപ്ര ഉണക്കുന്നതിനും നിലം ഉഴുന്നതിനുമെല്ലാം യന്ത്രങ്ങളുടെ സഹായം ലഭ്യമാക്കിയതില്‍ കെ.എ.ഐ.സി.ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍